അപ്പുവിന്റെ ക്ലാസ്‌റൂം

kids classroom
        കുട്ടികളെല്ലാം വൃത്തിയുള്ള പേപ്പറിൽ വിവിധചിത്രങ്ങൾ വരയ്ക്കുകയാണ് . അപ്പുവിന് തന്റെ ബഞ്ചിൽ ഇരിപ്പുറച്ചില്ല .അവൻ എന്തിവലിഞ്ഞ് അമ്മുവിന്റെ സീറ്റിനടുത്തെത്തി . അവളുടെ പേപ്പറിൽ മനോഹരമായ ഒരു പുൽമേട് മുളച്ചു വരുന്നുണ്ടായിരുന്നു .അപ്പുവിനെ കണ്ടതും അമ്മു കടലാസ് മറച്ചുകളഞ്ഞു .അപ്പു അവളകൊഞ്ഞനംകുത്തി കാണിച്ചു .ഇതെല്ലാം കണ്ട്  അമർത്തി ചിരിച്ച രാജുവിന്റെ കാലിൽ അപ്പു തന്റെ പെൻസിൽകൊണ്ട് ഒരു കുത്തുവെച്ചുകൊടുത്തു .'ദേ ടീച്ചർ ഈ അപ്പു....'
രാജു വിളിച്ചു പറഞ്ഞു. അപ്പു പെട്ടന്ന് ബഞ്ചുകൾക്കിടയിലേയ്ക്ക് നൂണ്ടു. ബഡായിക്കാരൻ നിഹാലിന്റെ ചൊറിക്കാലിനിടയിലൂടെ, മുമ്താസിന്റെ  നീണ്ടമെല്ലിച്ച കാലിലെ പാദസരം കിലുക്കികൊണ്ട് ബഞ്ചുകൾക്കിടയിലൂടെ നടന്ന അപ്പുവിനെ ടീച്ചർ ചെവിക്കുപിടിച്ച് തൂക്കിയെടുത്തു.'പുറത്തുപോയി നിൽക്ക് ഈ പിരീഢ് കഴിഞ്ഞ് കയറിയാൽ മതി' .കൂട്ടച്ചിരികൾക്കിടയിലൂടെ ക്ലാസിനു വെളിയിൽ പോകുന്നതിനിടെ അവൻ ടീച്ചറുടെ മേശയിൽ നിന്നും ചോക്ക് കഷ്ണം കൈയ്ക്കലാക്കി ഒന്നാം ബഞ്ചിലെ പത്രാസുകാരി ലിന്റാ ജോണിന്റെ പാവാടയിൽ ഒരു നീളൻ വരവരച്ചു .എല്ലാവരുടേയും ചൂണ്ടിലേയ്ക്ക് ആർത്തുവന്ന പൊട്ടിചിരി ചൂരൽവടി വീശി മാന്തികനെപ്പോലെ ടീച്ചർ മായ്ച്ചുകളഞ്ഞു. ക്ലാസിനു വെളിയിൽ ചമ്രം പടിഞ്ഞിരുന്ന അപ്പു തന്റെ കയ്യിലെ ചോക്കുകൊണ്ട് നിലത്ത് എന്തോക്കെയോ  കോറിയിട്ടു.ഒരു കുഞ്ഞൻ മുയൽ അമ്മുവിന്റെ മൈതാനത്തു കിളിർത്ത പുല്ല് തിന്നാനായി ചാടി ചാടി ചെന്നു. മൂന്നാം ബഞ്ചിലെ ശ്രുതിയുടെ മനോഹരമായ സൂര്യോദയത്തിനു മുന്നിൽ കുസൃതിക്കാരായ കാർമേഘങ്ങൾ നൃത്തം ചെയ്തു. വിനീതിന്റെ കരിമ്പിൻ തോട്ടത്തിൽ ഒരു കുറുമ്പനാന തലങ്ങും വിലങ്ങും പാഞ്ഞു. ഇപ്രാവശ്യം ടീച്ചറുടെ ചൂരൽ വടി നിസ്സഹായനായി നിന്നു വിയർത്തു. പെട്ടെന്നോരു തത്തമ്മവന്ന് അത് കൊത്തിപ്പറന്നു. അവസാനത്തെ ചോക്കുപോടിയും തീർന്നപ്പോൾ അപ്പു താൻ നിലത്തു വരച്ച ചിത്രങ്ങളും ആ ക്ലാസുമുറിയും ടീച്ചറെയുമെല്ലാം മായ്ച്ചുകളഞ്ഞു

 

 

 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌