കാക്ക പറഞ്ഞ കഥ( പഞ്ചതന്ത്രം കഥകളുടെ കാലികമായ പുനർവായന)
അവൻ മൃദുവായ കൈകൊണ്ട് എന്റെ തൂവലിൽ
തൊട്ടു .ഇടയ്ക്ക് അവന്റെ വിരൽകൊണ്ട് എനിക്ക് വേദനിച്ചെങ്കിലും ഞാനത് കാര്യമാക്കിയില്ല.
ഞങ്ങൾ കുറേനേരം കഥകൾ പറഞ്ഞിരുന്നു. അമ്മിഞ്ഞമണമുള്ള അവന്റെ ചുണ്ടിൽ നിന്നും
കാക്കിരി പൂക്കിരി വാക്കുകൾ എനിക്ക് ചുറ്റും ചിതറി വീണു.
ഞാനും പറഞ്ഞു കൂറെ കഥകൾ
അമ്മയെപ്പറ്റി, ഏതാപത്തിലും രക്ഷയ്‌ക്കെത്തുന്ന
കാക്കകൂട്ടത്തെപ്പറ്റി , കൂട്ടുകാരിയായ
കുയിലിനെപ്പറ്റി. എല്ലാംകേട്ട് അവൻ തലയാട്ടി .എന്നിട്ട് ഒരു കുസൃതിച്ചിരിയോടെ
എന്റെ കൊക്കിൽ പതുക്കെതൊട്ട് തിരിച്ച് പോയി .
ഇന്നവൻ എന്റെയടുത്ത് വന്നത് കയ്യിലൊരു കഷ്ണം അപ്പവുമായാണ് .കഥകളോരോന്നും
പങ്കുവെയ്ക്കുന്നതിനിടയിൽ അവൻ ഒരോ കുഞ്ഞിക്കഷ്ണം അപ്പം എന്റെ കൊക്കിൽ വെച്ചുതരുന്നുണ്ടായിരുന്നു
.പെട്ടെന്നാണ് അവന്റെ അമ്മ അവിടേയ്ക്ക് വന്നത്
''വൃത്തികെട്ട കാക്ക എന്റെ ഉണ്ണിയ്ക്കുകൊടുത്ത അപ്പം
തട്ടി പറിക്കുന്നോ ! '' അവർ ഒച്ചയിട്ടു. ഒരു
കല്ലെടുത്ത് എന്റെ നേരെയെറിഞ്ഞു. എനിക്ക് സങ്കടമായി ഇത് കണ്ട് ഉണ്ണിയ്ക്കും
സങ്കടമായി അവനും വിതുമ്പിക്കരഞ്ഞു. അവൻ എന്നെക്കുറിച്ച് പറഞ്ഞതൊന്നും അമ്മയ്ക്ക്
മനസ്സിലായില്ല .
പക്ഷേ എന്നെ ഏറ്റവും ദുഖിപ്പിച്ചത് അമ്മ ഉണ്ണിയുടെ അച്ഛനോട് പറഞ്ഞ വാക്കുകളാണ്
''ആ കള്ളകാക്ക ഉണ്ണിയുടെ കയ്യിൽ
നിന്ന് അപ്പവും തട്ടിപ്പറിച്ച് ഉണ്ണിയെ കരയിച്ചൂന്ന് ...''
ആ സാരമില്ല അവരൊക്കെ എന്തെല്ലാം പറഞ്ഞാലും എനിക്ക് ഉണ്ണിയെ
കാണാതിരിക്കാനാവില്ല .ഞാനെന്നും ഈ മരത്തിന്റെ കൊമ്പിൽ വിന്നിരിക്കും



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ