തളിരിലശലഭങ്ങൾ

 പുലരിയിലെ തണുത്തകാറ്റ് വന്ന് ഉടലിലാകെ ഉമ്മവെച്ചപ്പോൾ ആ തളിരില കിടുകിടെ വിറച്ചു . അവൾ കണ്ണുതുറന്ന് ചുറ്റുപാടും നോക്കി തന്റെ കൂട്ടുകാരൊന്നും ഉണർന്നിട്ടില്ല .ആ ഇലഞ്ഞിമരത്തിന്റെ ഏറ്റവുമുയരത്തിലുള്ള ചില്ലയുടെ തുഞ്ചത്ത് പുതുതായി തളിർത്തതാണവൾ. കൊടമഞ്ഞ് കൈകളിലെടുത്ത് അമ്മാനമാടിയ കാറ്റ് അവളുടെ പരിഭ്രമം കണ്ടപ്പോൾ പൊട്ടിച്ചിരിച്ചു. കാറ്റിനോട് ചൊടിച്ച് അവൾ കണ്ണടച്ച് സൂര്യനോട് പ്രാർത്ഥിച്ചു.''ദൈവമേ ആ കള്ള കാറ്റിനെ ഒരു പാഠം പഠിപ്പിക്കണേ'' അൽപ്പനേരത്തിനുള്ളിൽ മഞ്ഞുരുകി കണ്ണീരുപോലെ അവളുടെ ചുറ്റുംപൊടിഞ്ഞുവീണു. സൂര്യനുനേരെ കണ്ണുതുറന്ന അവൾ കൂട്ടുകാരെയെല്ലാം വിളിച്ചുണർത്തി ''ഏയ് മടിയന്മാരേ എഴുന്നേൽക്ക്  നിങ്ങളെ കാണാനൊരാൾ വന്നിരിക്കുന്നു'' ഇലകളെല്ലാം ഇളകിയുണർന്നു. സൂര്യനിൽ കുളിച്ചു നിൽക്കുന്ന തളിരിലയെ നോക്കി അവർ ചോദിച്ചു ''എവിടെ ആരാ ഞങ്ങളെ കാണാൻ വന്നത്'' ''അതാ'' ഇല സൂര്യനുനേരെ കൈ ചൂണ്ടി. ''സൂര്യനെ എന്നും കാണുന്നതല്ലേ അതിലിപ്പോ എന്താ ഒരു പുതുമ. വെറുതെ ഞങ്ങടെ ഉറക്കം കളഞ്ഞു'' കൂട്ടത്തിലേറ്റവും മൂത്ത ഇലമുത്തി തന്റെ ചുക്കിചുളിഞ്ഞ മഞ്ഞയുടലാട്ടികൊണ്ടു പറഞ്ഞു .ഇത് കേട്ട് എല്ലാവരും തളിരിലയെ കളിയാക്കിച്ചിരിച്ചു. തളിരിലയ്ക്ക് സങ്കടമായി. ''ഒരു ദിവസം ഞാൻ സൂര്യനിലേയ്ക്ക് പറന്നുപോകും'' അവൾ എല്ലാവരോടുമായി പറഞ്ഞു .ഇത് കേട്ട് എല്ലാവരും ഉറക്കെയുറക്കെചിരിച്ചു. ''പാവം മോള് ലോകം തിരിയാത്തതിന്റെ കുഴപ്പമാ. അവളെ നിങ്ങൾ കളിയാക്കണ്ട'' ശരീമമാസകലം കറുത്ത പുള്ളികളുള്ള ഒരില പറഞ്ഞു .എല്ലാവരുടേയും പരിഹാസങ്ങൾ കേട്ട് അൽപ്പനേരം വാടിയിരുന്ന തളിരിലയുടെ ഞരമ്പുകളിലേയ്ക്ക് സൂര്യന്റെ ഊർജം പ്രവഹിച്ചു ''ഇല്ല ഇവരുടെ വാക്കുകൾ എന്നെ തളർത്തില്ല' അവൾ മനസ്സിൽ പറഞ്ഞു. ഉച്ചയായി സൂര്യന്റെ ചൂടേറ്റ് മറ്റുള്ള ഇലകൾ വാടിതളർന്ന് നിന്നപ്പോൾ തളിരില മാത്രം കണ്ണടച്ച് നിന്ന് ഇളകാതെ തപസ്സുചെയ്തു. അവളുടെ തപസ്സ് കണ്ട് അവളോടിഷ്ടം തോന്നിയ ഒരു പൂമ്പാറ്റ അവളുടെ മുന്നിൽ വന്നിരുന്നു. 'എന്തിനാ മോളേ നീ ഇത്ര കഠിനമായി തപസ്സ് ചെയ്യുന്നത്' പൂമ്പാറ്റ ചോദിച്ചു. പെട്ടന്ന് കണ്ണ് തുറന്ന തളിരില പുമ്പാറ്റയുടെ വർണ്ണചിറകുകണ്ട് വിസ്മയിച്ചുപോയി .''ഞാൻ.... ഞാൻ എനിക്ക് സൂര്യനിലേയ്ക്ക് പറക്കണം'' അവൾ വിക്കി വിക്കി പറഞ്ഞു .തളിരിലയുടെ ആഗ്രഹം കേട്ട് ഒന്നു പുഞ്ചിരിച്ച പുമ്പാറ്റ അവളുടെ ഇതളിൽ ഒരു കുഞ്ഞുമ്മകൊടുത്ത് പറന്നുപോയി. അന്ന് രാത്രി തളിരിലയ്ക്ക് ഉറക്കം വന്നില്ല പുമ്പാറ്റ ഉമ്മവെച്ച സ്ഥലത്തെ വിങ്ങൽ അവളെ അസ്വസ്ഥയാക്കി. പിറ്റേന്ന് കാലത്തുണർന്ന തളിരില പുമ്പാറ്റ ഉമ്മവെച്ചയിടത്ത് രണ്ട് കുഞ്ഞു വർണ്ണ ചിറക് മുളച്ചത് കണ്ട് അമ്പരന്നു. അവൾ ചിറകുകൾ പതുക്കെ വീശി നോക്ക് ''ഹായ് തനിക്ക് പറക്കാം'' അവൾ മറ്റാരും  കാണാതെ തന്റെ ചില്ലയിൽ നിന്ന് ഒന്നുയർന്നു പറന്നു തിരികെ വന്നിരുന്നു .

അന്നുച്ചയ്ക്ക് അതിലേ പറന്നുപോയ പൂമ്പാറ്റ ചില്ലയിൽ ധ്യാനിച്ചിരിക്കുന്ന തളിരിലയെ കണ്ട് അത്ഭുതപ്പെട്ടു. പുമ്പാറ്റ വീണ്ടും അവളുടെ അടുത്ത് ചെന്നിരുന്നു  .''എന്താ നീ പറക്കാത്തത്'' പൂമ്പാറ്റ ചോദിച്ചു.  ''എന്റെ കൂട്ടുകാർക്കാർക്കും പറക്കാനാവില്ലല്ലോ അവർക്കുകൂടെ പറക്കാൻ കഴിയുന്നതുവരെ ഞാൻ തപസ്സു ചെയ്യും'' തളിരില നിഷ്‌ക്കളങ്കയായി പറഞ്ഞു .പൂമ്പാറ്റ പൊട്ടിച്ചിരിച്ചുകൊണ്ട് പറന്നുപോയി. പിറ്റേന്ന് രാവിലെ ആ ഇലഞ്ഞിയുടെ ഇലകളെല്ലാം ചിറകുവീശി പറന്നുപോയി .ശിശിരകാലം വന്നെത്തിയത് കണ്ട് ആ മരമോന്നു നെടുവീർപ്പിട്ടു.


അഭിപ്രായങ്ങള്‍

  1. ഇലഞ്ഞി മരത്തിന്റെ തളിരിലകൾക്ക് ചിറകു മുളച്ച കഥ അസ്സലായി ട്ടോ. നല്ല കുട്ടിക്കഥ. എന്റെ വീടിന്റെ മുൻപിലൊരു ഇലഞ്ഞി മരമുണ്ട്, ഇത് വായിക്കുമ്പോൾ മനസ്സിലേക്ക് തെളിഞ്ഞു വന്നത് ആ മരവും ഇലകളുമായിരുന്നു.

    കുട്ടികൾക്കും മുതിർന്നവർക്കും വായിക്കാൻ ഏറെ പ്രിയപ്പെട്ട കഥകൾ ഇവിടെ പ്രതീക്ഷിക്കുന്നു, ആശംസകൾ.
    -
    ജിത്തു

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌